നെയ്യാറ്റിന്‍കര: ഫ്യൂരിഡാന്‍ കീടനാശിനി കഴിച്ചെത്തിയയാള് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ ഇയാളെ പോലീസ് ആശുപത്രിയിലാക്കി. വെണ്‍പകല്‍, വിശാല്‍ ഭവനില്‍ ഓട്ടോ ഡ്രൈവര്‍ ശിവരാജന്(50) ആണ് ആശുപത്രിയിലായത്.
നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍. മദ്യലഹരിയില്‍ ഭാര്യയുടെ സ്കൂട്ടര്‍ അടിച്ചുതകര്‍ത്തുവെന്ന പരാതിയിലാണ് ശിവരാജനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ശിവരാജന്റെ ഭാര്യ റാണിയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശിവരാജന് ചൊവ്വാഴ്ച വൈകീട്ടോടെ കീടനാശിനി കഴിച്ച് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ വീണ ഇയാളെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാക്കി. സ്റ്റേഷനില്‍ എത്തിയയുടനെ ശിവരാജന് പോലീസുകാരോടായി താന്‍ വിഷം കഴിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നിലത്തു വീഴുകയായിരുന്നു. ഫ്യൂരിഡാനാണ് കഴിച്ചതെന്ന് ശിവരാജന് പോലീസുകാരോടു പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ശിവരാജന്.