തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തില്‍ പങ്കെടുത്ത പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവും വിസിയും സമ്മില് വാക്കേറ്റമുണ്ടായി.
യോഗത്തില്‍ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. യോഗം വിളിച്ചത് താനാണെന്നും അധ്യക്ഷൻ താനാണെന്നും വിസി മോഹൻ കുന്നുമ്മല്‍ വ്യക്തമാക്കി. അതേസമയം, തനിക്ക് അതിനുള്ള അധികാരമുണ്ടെന്ന് മന്ത്രിയും അറിയിച്ചു.
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഇതിനുപിന്നാലെ പ്രമേയം പാസായെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചു. എന്നാല്‍, പാസായില്ലെന്ന് വിസി അറിയിച്ചു. ചർച്ചയില്ലാതെ എങ്ങനെ പ്രമേയം പാസാക്കുമെന്ന് പ്രതിപക്ഷം ചോദിച്ചു.
ഇതോടെ യോഗം പിരിഞ്ഞതായി മന്ത്രി അറിയിച്ചെങ്കിലും പിരിഞ്ഞുപോകാൻ പ്രതിപക്ഷാംഗങ്ങള്‍ കൂട്ടാക്കിയില്ല. തർക്കത്തിനൊടുവില്‍ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാതെ യോഗം പിരിഞ്ഞു.