തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി.തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.കേസിലെ ആറാംപ്രതിയും നിയമ വിദ്യാര്‍ഥിയുമായ അമല്‍ ഗഫൂറിന് പരീക്ഷ എഴുതാന്‍ നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ ജാമ്യവും കോടതി റദ്ദാക്കി.
പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചു, ഗവര്‍ണര്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചു, ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാദം കോടതിയില്‍ നടന്നത്. പ്രതികള്‍ക്കെതിരേ 124 വകുപ്പ് ചുമത്തിയതിനോട് പ്രോസിക്യൂഷന് ആദ്യം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു.
യുവജനസംഘടന എന്ന രീതിയില്‍ ഗവര്‍ണറുടെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് നടന്നതെന്നും ഇത് അക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.