തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് മന്ത്രി എ.കെ.
ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ മാര്‍ച്ച നടത്തി. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
വന്യജീവി ആക്രമണം തടയാനുള്ള ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാടിന്റെ ചുമതലകൂടിയുള്ള വനംവകുപ്പ് മന്ത്രി പൂര്‍ണമായും നിഷ്ക്രിയത്വം ആണ് തുടരുന്നത്. ശശീന്ദ്രന് രാജിവെയ്ക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എംഎല്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവരടക്കം പങ്കെടുത്തു.
മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. വിഷയത്തില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം, വടക്കേ വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്ഷകന് അജീഷിന്റെ ജീവനെടുത്ത ബേലൂര്‍ മഖ്ന എന്ന മോഴയെ മയക്കുവെടിവച്ച് പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും.
മയക്കുവെടി പ്രയോഗിക്കാന്‍ ഉതകും വിധത്തില്‍ തുറസായ സ്ഥലത്ത് ആന നിലയുറപ്പിക്കാത്തതാണു കഴിഞ്ഞ മൂന്നുദിവസും ദൗത്യത്തിനു തടസമായത്. റേഡിയോ കോളര്‍ സിഗ്നല്‍ ലഭിക്കുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി വെറ്റിനറി സംഘാംഗങ്ങള്‍ കാടുകയറും. മോഴയെ പാര്‍പ്പിക്കുന്നതിനു മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ആസ്ഥാനത്ത് പന്തി സജ്ജമാക്കിവരികയാണ്.
വന്യമൃഗ ശല്യം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ ഇന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് കര്‍ഷക കോണ്‍ഗ്രസും പിന്തുണ നല്‍കിയിട്ടുണ്ട്.