തിരുവനന്തപുരം: വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എലും തമ്മിലെ ഇടപാട് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ മൂന്നംഗ ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണത്തിലൂടെ മാസപ്പടി വിവാദത്തില്‍ കുരുക്ക് മുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മന്ത്രാലയത്തിന് കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെറ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണത്തിലേയ്ക്ക് വഴിവച്ചേക്കാം.
2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനും ലഭിച്ചതെന്നും ഇത് നിയമവിരുദ്ധമാണെന്നും സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്‍പാകെ ആദായനികുതി വകുപ്പ് വാദിച്ചിരുന്നു. െഎടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റുവെയര്‍ സേവനങ്ങള്‍ നല്‍കാമെന്ന് എക്സാലോജിക് സിഎംആര്‍എലുമായി കരാറുണ്ടാക്കി. സേവനങ്ങള്‍ നല്‍കിയില്ല. എന്നാല്‍ കരാര്‍ അനുസരിച്ച് മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ എംഡി ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിരുന്നു. വീണയ്ക്ക് 5 ലക്ഷവും എക്സാലോജിക്കിന് 3 ലക്ഷവും പ്രതിമാസം നല്കി. ഇതേക്കുറിച്ച് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം നിയോഗിച്ച് മൂന്ന് അംഗ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കും. കമ്പനി അധികൃതരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാല്‍ ഉന്നതതല അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും നിര്‍ദേശിക്കും.
രാഷ്ട്രീയ-ട്രേഡ് യൂണിയന് നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവിമാര്‍ക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന കണ്ടെത്തലില്‍ സിഎംആര്‍എലിനും കെഎസ്െഎഡിസിക്കും നേരത്തെ കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ നല്കിയ 135 കോടി രൂപ അഴിമതി നിരോധ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലേ?, രാഷ്ട്രീയ നേതാക്കള്‍ക്ക് നേരിട്ട് പണം നല്‍കിയത് എന്തിന്?, കേന്ദ്രസര്‍ക്കാര്‍ 2019 മാര്‍ച്ച് ഒന്നിന് സ്വകാര്യമേഖലയില്‍ ഖനനം നിരോധിച്ച ശേഷവും സിഎംആര്‍എല്‍ കമ്പനിക്ക് ഇത്രയധികം കരിമണല്‍ എങ്ങനെ ലഭിച്ചു? തുടങ്ങിയ ആരോപണങ്ങളില്‍ മറുപടി തേടിയിരുന്നു.