തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.സിദ്ദിഖ് നോട്ടീസ് നല്കി.
കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെടെ വനംവകുപ്പിനും വനംമന്ത്രിക്കും വീഴ്ച സംഭവിച്ചെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് മറുപടി പറഞ്ഞു. വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന വന്നത് കര്‍ണാടകയില്‍നിന്നാണ്. ആനയെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകിയാണ് അവര്‍ കൈമാറിയത്.
കര്ഷകന് കൊല്ലപ്പെട്ടതിന് ശേഷമാണ് റേഡിയോ കോളര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യരാണ്. അവരുടെ മനോവീര്യം കെടുത്തുന്ന നടപടികള്‍ ഉണ്ടായി. ഇക്കാര്യത്തില്‍ പ്രതിപക്ഷം അല്പം കൂടി ക്ഷമ കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.