വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ നിയമിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്സണ് എബ്രഹാം, സെക്രട്ടറിമാരായ എല്‍കെ ശ്രീദേവി,സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് സമതി അംഗങ്ങള്‍. പോസ്റ്റര്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഈ വിഷയത്തില്‍ ഉണ്ടായത്. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് കെപിസിസി നടത്തുന്നത്.ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.ഡിസിസിതലത്തിലും അന്വേഷണം നടക്കുന്നുണ്ട്.അവരുടെ റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടുത്തി ഇനിയും മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.