തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം. കലോത്സവത്തിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നെന്ന് ആരോപിച്ച് കെഎസ്യുക്കാര് പ്രധാന സ്റ്റേജായ സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി.
എസ്എഫ്ഐക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കലോത്സവ വേദിയില്‍ പലയിടങ്ങളിലും പല സമയത്തായി എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്ദിക്കുന്നെന്നാണ് പരാതി. കെഎസ്യുവിന് ഭരണമുള്ള കോളജുകളിലെ വിദ്യാര്‍ഥികളോട് എസ്എഫ്ഐ വിരോധം തീര്‍ക്കുന്നു എന്നാണ് ആരോപണം.
ഇന്ന് രാവിലെ തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ഥികളെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു. നെടുമങ്ങാട് അടക്കമുള്ള കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദനമേറ്റെന്നും പരാതിയുണ്ട്.
മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്യു പ്രതിഷേധം. എസ്എഫ്ഐക്കാരും വേദിയിലേക്ക് വന്നതോടെ ഇരുകൂട്ടരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയാണ്.
പോലീസെത്തി ഇവരെ ഇവിടെനിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഇതോടെ സെനറ്റ് ഹാളില്‍ നടക്കേണ്ട ഒപ്പന മത്സരം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.