തിരുവനന്തപുരം: യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ബജറ്റിന്റെ പവിത്രതയും മന്ത്രി നഷ്ടപ്പെടുത്തിയെന്നും സതീശന് വിമര്‍ശിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുവന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചാണ് ബജറ്റില്‍ ഏറ്റവുമധികം പരാമര്‍ശിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുവന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ പദ്ധതികളെക്കുറിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ അഭിമാനം കൊള്ളുകയാണ്.
മൂന്ന് വര്‍ഷം കൊണ്ട് പത്ത് രൂപയുടെ വര്‍ധനവാണ് റബറിനുണ്ടായത്. റബര്‍ കര്‍ഷകരെ പരിഹസിക്കുന്ന നടപടിയാണിതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
കഴിഞ്ഞ ബജറ്റില്‍ ലൈഫ് മിഷന് 717 കോടി രൂപ പ്രഖ്യാപിച്ചിട്ട് അതിന്റെ 3.76 ശതമാനം മാത്രമാണ് കൊടുത്തത്. സോഷ്യല്‍ മിഷന് പദ്ധതികള്‍ക്ക് 119 കോടി പ്രഖ്യാപിച്ചിട്ട് കൊടുത്തത് 60 കോടി മാത്രമാണ്.
ക്ലീഷേ ആയ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ പരിതാപകരമായ ധനസ്ഥിതിയെ മറച്ചുവയ്ക്കുകയാണ് ധനമന്ത്രി ചെയ്തത്. ഇന്ധന നികുതി കൂട്ടിയാല്‍ ഇന്ധന ഉപഭോഗം കുറയുമെന്നും കൂട്ടിയ നികുതിയുടെ ഗുണം കിട്ടില്ലെന്നും തങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയ കാര്യം യാഥാര്‍ഥ്യമായി.
സര്‍ക്കാരിന്റെ ഇത്തവണത്തെ നികുതി നിര്‍ദേശങ്ങളില്‍ പകുതി പോലും പ്രായോഗികമല്ലെന്നും സതീശന് വിമര്‍ശിച്ചു.