തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ന്യൂനപക്ഷ ക്ഷേമത്തിനായി ബജറ്റില്‍ വകയിരുത്തിയ തുകയുടെ 97 ശതമാനത്തിലധികം തുക നാളിതുവരെ ചെലവഴിച്ചിട്ടില്ലെന്ന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് ഇടത് സര്‍ക്കാരിന്റെ തട്ടിപ്പാണ് എടുത്തുകാട്ടുന്നത്.
ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോറിറ്റി വെല്‍ഫെയര്‍ ഡയറക്ടറേറ്റിന് കീഴിലെ ബജറ്റില്‍ 63.01 കോടി വകയിരുത്തിയതില്‍ ഇതുവരെ ചെലവഴിച്ചത് കേവലം 2.79 ശതമാനം മാത്രമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഡയറക്ടറേറ്റിന് കീഴിലുള്ള 13 പദ്ധതികളില്‍ പത്തു പദ്ധതികള്‍ക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. പഠനമികവ് പുലര്‍ത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 6.52 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ഇതിന് പുറമേ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്സിന് പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, സി.എ, ഐ.സി.ഡബ്യൂ.എ കോഴ്സിനുള്ള സഹായം, മൈനോരിറ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസ സഹായ പദ്ധതികളും നല്‍കിയിട്ടില്ല. മുസ്ലിം സ്ത്രീകള്‍ക്ക് പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്, കുടിവെള്ള പദ്ധതി തുടങ്ങിയവയും പ്രഖ്യാപനത്തില്‍ ഒതുങ്ങി.
വകുപ്പിന്റെ ആധുനികവല്‍ക്കരണം വരെയുള്ളവയുടെ സ്ഥിതിയും അതിദയനീയമാണ്. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിലേക്ക് വകയിരുത്തിയതില്‍ 1.67 ശതമാനം തുക മാത്രമാണ് ഇതുവരെ നല്‍കിയത്. ഇടതു സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയതു മുതല്‍ ദലിത്, മുസ്ലിം, പിന്നാക്ക വിഭാഗങ്ങളുടെ സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകുല്യങ്ങള്‍ നല്കുന്നതില് കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. മന്ത്രിസഭയിലെ പിന്നാക്ക പ്രാതിനിധ്യത്തിന്റെ കുറവ് അവരുടെ ക്ഷേമ പദ്ധതികളും ആനുകുല്യങ്ങളും നല്കുന്നതിലുള്ള വീഴ്ചയുടെ പ്രധാന കാരണമാണെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര് സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്, സെക്രട്ടറിയേറ്റംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത്, വി ടി ഇഖ്റാമുല്‍ ഹഖ് സംസാരിച്ചു.