തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന് എതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ശുപാര്‍ശ ചെയ്ത് പൊലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. അതേസമയം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് വേഗം കുറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരായ ശക്തമായ ആയുധം എന്ന നിലയിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം തുടങ്ങിയത്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹൂല്‍ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരായ നാല് പേരെ വളരെ വേഗം അറസ്റ്റ് ചെയ്യുകയും രാഹൂലിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതികള്‍ക്ക് ആദ്യം തന്നെ ജാമ്യം ലഭിച്ചതോടെ തെളിവുകള്‍ അപര്യാപ്തമെന്ന വിലയിരുത്തലുണ്ടായി. അതോടെ അന്വേഷണത്തിന്റെ വേഗവും കുറച്ചു.
സംശയമുള്ള ചിലരെ ചോദ്യം ചെയ്യുന്നതിനപ്പുറം ഒരാഴ്ചയായി അന്വേഷണം മുന്നോട്ട് പോകുന്നില്ല. അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കിടക്കുന്നതാണ് വ്യാജ കാര്‍ഡ് നിര്‍മാണമെന്നാണ് പൊലീസിന്റെ നിഗമനം. പത്തനംതിട്ട കൂടാതെ കാസര്‍കോട്, ഇടുക്കി, എറണാകുളം ജില്ലകളിലെല്ലാം സംശയനിഴലിലുള്ളവരുണ്ട്. ഇവരിലേക്കെല്ലാം അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ പ്രത്യേക സംഘം അന്വേഷിക്കണം. അതിന് കൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ശുപാര്‍ശ ചെയ്ത് തിരുവനന്തപുരം കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്നെന്നുള്ള റിപ്പോര്‍ട്ടില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടിയും ഉടന്‍ പൊലീസിന് ലഭിക്കും. ഇതുകൂടി പരിഗണിച്ച ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനാണ് ആലോചന.