തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന്റെ മറുപടി യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സിപിഎം ലീഗിന്റെ പുറകേ നടക്കുകയാണെന്ന് സതീശന് പരിഹസിച്ചു.
വരുന്നില്ലെന്ന് ലീഗ് പലതവണ പറഞ്ഞിട്ടും വരൂ എന്ന് പറഞ്ഞ് സിപിഎം പുറകേ നടക്കുന്നത് എന്തിനാണ്. പിണറായി സര്‍ക്കാരിന് ആത്മവിശ്വാസം നഷടപ്പെട്ടെന്നാണ് ഇതിന്റെയൊക്കെ അര്‍ത്ഥം.ജനങ്ങള്‍ എതിരാണെന്നും ജനക്കൂട്ടത്തില്‍ അവര്‍ വിചാരണ ചെയ്യപ്പെടുമെന്നും ഇടതുമുന്നണിക്ക് ബോധ്യമായി. അതുകൊണ്ടാണ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസിനോ യുഡിഎഫിനോ ഹാനികരമാകുന്ന ഒരു തീരുമാനവും ലീഗ് എടുക്കില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.