തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി ഉൾപ്പടെ സഹകരണ മേഖലയിലെ പ്രശ്ന പരിഹാരം സംബന്ധിച്ച് സർക്കാർ നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. സഹകരണ വകുപ്പിലെയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ യോഗവും നടക്കുന്നുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചന. എന്നാൽ സഹകരണ നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് വന്നാൽ മാത്രമേ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിവാകൂ. ഇതടക്കമുള്ള നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും.
അതേസമയം, റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കാൻ തീരുമാനമെടുക്കാനും സാധ്യതയുണ്ട്. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് അനുസരിച്ച് കമ്മീഷന് നിർദ്ദേശം നൽകാനാവും ശ്രമം. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീർഘ കാല കരാറാണ് സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കമ്മീഷൻ റദ്ദാക്കിയത്. എന്നാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ കരാർ പുനസ്ഥാപിക്കാനാണ് സർക്കാർ നീക്കം.