കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയക്കാവിളയിലൂടെ തമിഴ്നാട് നിന്നും ഇന്നലെ ജില്ലയിലെത്തിയത് 24 പേര്. അയല്‍ സംസ്ഥാനത്തു നിന്നും ജില്ലയിലെത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിർത്തിയിലെ ഇഞ്ചി വിളയിൽ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് പറഞ്ഞു. രോഗലക്ഷണമുള്ളവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം സജ്ജമാക്കി. കളിയക്കാവിളയിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിര്‍ത്തിയില്‍ സ്വന്തം വാഹനങ്ങളില്ലാത്തവര്‍ക്ക് ആംബുലന്‍സ് സൗകര്യവും മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പിന്റെ ഗതാഗത സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഒരേസമയം 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള വിശ്രമസൗകര്യം ഇവിടെയുണ്ട്. കുടിവെള്ളം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി വ്യത്യസ്ത വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലന്‍സ്, വീല്‍ചെയര്‍ സൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്കാനിംഗ് നടത്തുന്നുണ്ട്. രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും