തിരുവനന്തപുരം:ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു : വി.ഡി.സതീശൻ എസ്എഫ്ഐ കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ റീ കൗണ്ടിംഗില്‍ എസ്എഫ്ഐ ജയിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.കെഎസ്യുവിന്റെ വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്ഐയെന്നും രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും അതിന് കൂട്ടുനിന്നെന്നും സതീശൻ ആരോപിച്ചു.
കേരളവര്മയില് ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവര്‍മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. എന്ത് കാരണത്താല്‍ കെഎസ്യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്എഫ്ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരളവര്മയില് കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ടുതവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കെഎസ്യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരളവര്‍മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
ശ്രീക്കുട്ടന്റെയും കെഎസ്യുവിന്റെയും പോരാട്ടം കേരളവര്‍മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെഎസ്യു പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. പോരാട്ടം തുടരുക,കേരളം ഒപ്പമുണ്ടെന്നും സതീശൻ ഫേസ്ബുക്കില്‍ കുറിച്ചു.