തിരുവനന്തപുരം: കുടിശികയില്‍ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലെറ്റുകള് അടച്ചിടേണ്ടിവരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ.
ക്രിസ്മസ്, പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് സപ്ലൈകോയുടെ നിലപാട്.
2016 മുതല്‍ വിപണിയില്‍ ഇടപെട്ട വകയില്‍ സപ്ലൈകോയ്ക്ക് 1,600 കോടിയോളം കുടിശികയുണ്ട്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ടെൻഡറില്‍ പങ്കെടുക്കാതെയായി. പോലും പങ്കെടുക്കാത്ത സ്ഥിതിയാണ്. അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരൂ എന്ന് മുഖ്യമന്ത്രിയെ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, വിലവര്‍ധനയെക്കുറിച്ച് പഠിച്ച് വിദഗ്ധസമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വന്നേക്കും. വിപണിയിലെ വില മാറുന്നതിനനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനഃപരിശോധിക്കുംവിധമാണ് പുനസംഘടന.
യുഡിഎഫ് കാലത്തുണ്ടായിരുന്നതുപോലെ പരമാവധി 25 ശതമാനം സബ്സിഡിയില്‍ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇത് 50 ശതമാനത്തോളമാണ്. കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്തുന്നതും ഔട്ട്ലെറ്റുകളെ ജനപ്രിയമാക്കാനുമുള്ള നിര്‍ദേശങ്ങളിലും സര്‍ക്കാര്‍ നിലപാടായിരിക്കും അന്തിമം.