മക്കളുപേക്ഷിച്ച വൃദ്ധയുടെ മൃതദേഹം ഡിവൈഎഫ്ഐ സംസ്കരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ മുട്ടിനുപുറം തലക്കേരില്‍ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (85) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് മരിച്ചത്. കോവിഡ് കാലമായതുകൊണ്ട് സഹായത്തിനാരും എത്തിയില്ല. മാന്യമായ സംസ്കാരത്തിനായി മോനച്ചന് പലരോടും സഹായാഭ്യര്‍ഥന നടത്തി. കോവിഡ് ഭയന്നാവണം അയല്‍വാസികള്‍ പലരും എത്തിനോക്കി മടങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ഉപേക്ഷിച്ചു പോയ മക്കളും വന്നില്ല. ഉച്ചയായിട്ടും ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്തംഗമായ എ ടി ജയപാലന് പഞ്ചായത്ത് പ്രസിഡന്റ് എം ടി അനസൂയാദേവിയെ വിവരം അറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തക കൂടിയായ അനസൂയാദേവി ഓതറ ആല്‍ത്തറ യൂണിറ്റ് സെക്രട്ടറി സുരാജ് സോമനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടനെ യൂണിറ്റ് പ്രസിഡന്റ് രാജേഷ്, ബിനീഷ് മോഹന്‍, അശ്വിന് മനാഹര്‍, പി അശ്വിന്, അഭിരാം, അഖില്‍ സാനു എന്നിവര്‍ ഏലിയാമ്മയുടെ വീട്ടിലെത്തി. ശവശരീരം ശുചിയാക്കല്‍ മുതലുള്ള ജോലികള്‍ യുവാക്കള്‍ ഏറ്റെടുത്തു. വൈകുന്നേരത്തോടെ പഞ്ചായത്ത് ആംബുലന്‍സില്‍ കോഴിമലയിലെ പൊതുശമ്ശാനത്തില്‍ എത്തിച്ച മൃതദേഹം യുവാക്കളുടെ നേതൃത്വത്തില്‍ തന്നെയാണ് സംസ്കരിച്ചത്. എല്ലാറ്റിനും നേതൃത്വം കൊടുത്ത് പ്രസിഡന്റിനൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എല്‍ പ്രജിതയും പഞ്ചായത്തംഗം ജയപാലനും കൂടെ ഉണ്ടായിരുന്നു.