പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഏനാത്ത്, പുല്ലാട്, ആനപ്പാറ എന്നിവിടങ്ങളില്‍ മുന്നൂറോളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ബിഹാര്‍ സ്വദേശികളാണ് ഇവര്‍. തിരുവല്ല വഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും തിരുവല്ല സ്റ്റേഷനില്‍ എത്തണമെന്നും റവന്യു അധികൃതര്‍ അറിയിച്ചിരുന്നുവെന്നും അതുപ്രകാരം സാധനങ്ങളുമായി നാട്ടിലേക്ക് പോകാനിറങ്ങിയ തങ്ങളെ പെരുവഴിയിലാക്കി എന്നും പറഞ്ഞാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. വാടകവീടുകളില്‍ നിന്ന് ഇറങ്ങിയതോടെ തിരിച്ചുപോകാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.
ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയേ പുറപ്പെടുവെന്ന് അവസാന നിമിഷമാണ് അറിയിപ്പ് വന്നത്. ഇതേത്തുടര്‍ന്നാണ് തൊഴിലാളികള്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി ലാത്തി വീശിയതോടെ ഇവര്‍ പിരിഞ്ഞ് പോയെങ്കിലും പലരും എങ്ങോട്ട് പേകണമെന്ന് അറിയാതെ നഗരത്തില്‍ വട്ടം ചുറ്റുകയാണ്. ഇനി സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തങ്ങള്‍ കാല്‍നടയായി നാട്ടിലേക്ക് പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.