തിരുവല്ല : റവന്യൂ ടവറിലെ ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങുന്ന അപകടം നിത്യമെന്നോണം സംഭവിച്ചിട്ടും കുലുക്കമില്ലാത്ത അധികാരികള്‍ക്കെതിരെ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസവും ലിഫ്റ്റ് പണി കൊടുത്തു. ശനിയാഴ്ച 3.50-ന് രണ്ട് വനിതകളാണ് ലിഫിറ്റിനുള്ളില്‍ കുടുങ്ങിയത്. രണ്ടാം നിലയിലുള്ള കോടതി മുറിയില്‍നിന്ന് സെല്ലാറിലുള്ള ഓഫീസിലേക്ക് പോയ അഡ്വ. രാജലക്ഷ്മി, ക്ലാര്‍ക്ക് അനിതാ ഷാജി എന്നിവരെ അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരെത്തി രക്ഷിക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിലുകള്‍ ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് അകത്തിയശേഷം കസേര ലിഫ്റ്റിനുള്ളിലേക്ക് ഇറക്കി. അതില്‍ ചവിട്ടിയാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തേക്ക് രക്ഷിച്ച് കയറ്റിയത്.
ലിഫ്റ്റ് ഒന്ന് താഴേക്ക് ചലിച്ചെങ്കിലും ഉടന്‍ തന്നെ പ്രവര്‍ത്തനം നിലച്ചെന്ന് രാജലക്ഷ്മി പറഞ്ഞു. ടവറിന്റെ മധ്യഭാഗത്തുളള ചില്ലിട്ട ലിഫ്റ്റാണ് ഇപ്പോള്‍ നിരന്തരം തകരാറിലാകുന്നത്.
അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ തകരാര്‍ ആയതിനാല്‍ ലഭിച്ചില്ല. തുടര്‍ന്ന് തിരുവല്ല ബാറിലെ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചു. അവര്‍ തൊട്ടടുത്തുള്ള അഗ്നിരക്ഷാസേനയുടെ ഓഫീസില്‍ നേരിട്ടെത്തി അപകടവിവരം അറിയിച്ചു. ഉടന്‍തന്നെ ഉദ്യോഗസ്ഥരെത്തി മുക്കാല്‍ മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇരുവരെയും കരകയറ്റി. ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഓപ്പറേറ്റര്‍ ഇല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറ് പേര് ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം ഉണ്ടായത്.
അന്നും ഇതേ ഉദ്യോഗസ്ഥരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കോടതികള്‍, താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, ജോയിന്റ് ആര്.ടി. ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി 30-ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് വിവിധ ആവശ്യത്തിനെത്തുന്നവരുടെ ഏക ആശ്രയമാണ് കെണിയായി മാറിയിരിക്കുന്നത്