ചങ്ങനാശേരി: എൻ.എസ്.എസിൽ ഒരു ഭിന്നതയും നിലനിൽക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തനിക്കെതിരായുള്ള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേർന്ന പ്രതിനിധി സമ്മേളനത്തിൽ നിന്നും അടൂര്‍ താലൂക്ക് യൂണിറ്റ് പ്രസിഡന്റ് കലഞ്ഞൂർ മധു ഉൾപ്പടെ ആറു പേർ ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട വിഷയം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംഘടനയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പെരുന്നയില്‍ കണ്വെന്ഷന് സെന്ററുണ്ടാക്കിയതില് അഴിമതിയുണ്ടെന്ന ആരോപണം തെറ്റാണ്. സ്ഥലത്തിന് വില കുറവാണെന്നാണ് ആരോപണം. എന്നാൽ സ്ഥലം നിലനിൽക്കുന്ന പ്രദേശത്ത് സര്‍ക്കാര്‍ ഫെയര്‍ വാല്യൂ 15 ലക്ഷം രൂപയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റുകയെന്നതാണ്. എന്നാൽ, സമുദായം തന്നെ അംഗീകരിക്കുന്നു. ഒരു അഴിമതി പോലും തനിക്കെതിരെ നിലനിൽക്കുന്നില്ല. സ്ഥാനമാനങ്ങള്‍ ബന്ധുക്കള്‍ക്ക് വീതംവെച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ചേര്‍ന്ന പ്രതിനിധി സഭയില്‍നിന്ന് കലഞ്ഞൂര്‍ മധു, പ്രശാന്ത് പി. കുമാര്‍ ഉള്‍പ്പടെ ആറു പേര് ഇറങ്ങിപ്പോയിരുന്നു. കലഞ്ഞൂര്‍ മധുവിനെ ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ സുകുമാരന്‍ നായര്‍ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം. എന്‍.എസ്.എസില്‍ ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
General Secretary
G. Sukumaran Nai
NSS