റാന്നി : യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന് റാന്നിയില്‍ തുടക്കമായി. ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡിലെ ഇന്ദുചൂഡന് നഗറില്‍ ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന് പതാക ഉയര്‍ത്തി. വെള്ളിയാഴ്ച 3.30-ന് പെരുമ്പുഴയില്നിന്ന് ഇട്ടിയപ്പാറയിലേക്ക് യുവജന റാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അധ്യക്ഷത വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായിരിക്കും.
സമ്മേളന നഗറിലേക്കുള്ള ദീപശിഖയും പതാകയും അടൂര്‍ മണ്ണടിയില്നിന്നും ഛായാചിത്രം ആര്.ഇന്ദുചൂഡന്റെ ഓമല്ലൂരിലെ സ്മൃതിമണ്ഡപത്തില്‍നിന്നും കൊടിമരം തിരുവല്ലയില്‍നിന്നുമാണ് സമ്മേളന നഗറിലെത്തിച്ചത്. പതാക, കൊടിമര, ദീപശിഖ ജാഥകള്‍ വൈകീട്ട് ഏഴുമണിയോടെ ചെത്തോങ്കരയില്‍ സംഗമിച്ചു. അവിടെനിന്ന് വിളംബര ഘോഷയാത്രയായി ഇട്ടിയപ്പാറയിലെ സമ്മേളന നഗറിലെത്തിച്ചു. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു, സ്വാഗത സംഘം ചെയര്മാന് റിങ്കു ചെറിയാന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ആബിദ് ഷഹിം, വിമല്‍ കൈതയ്ക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ആരോണ്‍ ബിജിലി പനവേലില്‍, സാംജി ഇടമുറി എന്നിവര്‍ പ്രസംഗിച്ചു.
20-ന് നടക്കാനിരുന്ന പ്രതിനിധി സമ്മേളനം സെക്രട്ടേറിയറ്റ് വളയല്‍ സമരം നടക്കുന്നതിനാല്‍ മാറ്റിവെച്ചു.
തിരുവല്ലയില്‍നിന്ന് ആരംഭിച്ച കൊടിമര ജാഥ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് ബാബു ഉദഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടികാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിജോ ചെറിയാന്, ജില്ലാ സെക്രട്ടറി ബെന്‍സി അലക്സ് എന്നിവര്‍ ചേര്‍ന്ന് കൊടിമരം ഏറ്റുവാങ്ങി. ഓമല്ലുരില്നിന്നാരംഭിച്ച ആര്.ഇന്ദുചൂഡന്റ ഛായാചിത്രവും വഹിച്ചുള്ള ജാഥ മുന്‍ എം.എല്‍.എ. കെ.ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജിതിന് ജി.നൈനാന് ഛായാചിത്രം ഏറ്റുവാങ്ങി. മണ്ണടിയില്‍നിന്ന് ആരംഭിച്ച ദീപശിഖ-പതാക ജാഥ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റിനോ പി.രാജന് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ്, ജില്ലാ സെക്രട്ടറി അലക്സ് കോയിപ്പുറത്ത് എന്നിവര്‍ ചേര്‍ന്ന് ദീപശിഖയും പതാകയും ഏറ്റുവാങ്ങി.