കോന്നി : ക്രൈംബ്രാഞ്ച് പച്ചക്കള്ളം പറയുന്നുവെന്ന് പുല്ലാട്ട് കൊല്ലപ്പെട്ട രമാദേവിയുടെ ബമന്ധുക്കളുടെ വെളിപ്പെടുത്തല്‍. സഹോദരങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തലുകളോട് വിയോജിച്ചു. രമാദേവിയുടെ സഹോദരന്മാരായ കോന്നി വെള്ളപ്പാറ നാരായണ ഭവനില്‍ ഉണ്ണികൃഷ്ണന് നായര്‍, രാധാകൃഷ്ണന് നായര്‍, ഇവരുടെ ജ്യേഷ്ഠ സഹോദരന്റെ മകന് ഹരി എന്നിവരാണ് ക്രൈംബ്രാഞ്ച് നിഗമനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
ഭര്‍ത്താവ് ആറന്മുള കച്ചേരിപ്പടി ശ്രീമംഗലം വീട്ടില്‍ സി.ആര്. ജനാര്‍ദ്ദന്‍ നായര്‍ക്ക് (75) ഇത്തരം അരുംകൊല നടത്താന്‍ കഴിയില്ലെന്നും അതിനുള്ള ധൈര്യം ഉള്ളയാളല്ല അദ്ദേഹമെന്നും രമാദേവിയുടെ സഹോദരങ്ങള്‍ പറഞ്ഞു.
17 വര്‍ഷം മുന്‍പ് പുല്ലാട്ടെ വിട്ടില്‍വെച്ച് രമാദേവി കൊല്ലപ്പെടുമ്പോള്‍ അവരുടെ ഇരുകൈകളിലുമായി 40 മുടിയിഴകള്‍ ചുരുട്ടി പിടിച്ചിരുന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തല്‍ തെറ്റാണ്. പുല്ലാട് വടക്കേകവല വടക്കേചട്ടക്കുളത്ത് വീട്ടില്‍ രമാദേവി മരിച്ചുകിടക്കുമ്പോള്‍ ആദ്യം എത്തിയവരില്‍ ഒരാളാണ് താനെന്ന് സഹോദരന് ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു. പഴയ വീടായതുകൊണ്ട് കതകിന്റെ മുകളിലത്തെ സാക്ഷ എടുത്തുമാറ്റുന്ന രീതിയാണ്. ഇത് പുറത്തുനിന്ന് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയത് സഹോദരങ്ങളായ ഉണ്ണികൃഷ്ണന് നായരും രാധാകൃഷ്ണനും അയല്‍വാസിയും ചേര്‍ന്നാണ്. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ രമാദേവിയുടെ കൈകള്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ അല്ലായിരുന്നുവെന്നും രണ്ട് പവന്റെ മാല കാണാനില്ലായിരുന്നുവെന്നും സഹോദരങ്ങള്‍ പറയുന്നു.
കൊലപാതകത്തില്‍ ആദ്യം സംശയിച്ചിരുന്ന ചുടലമുത്തുവിനെ 17 വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രമാദേവിയുടെ വീടിന് സമീപത്ത് വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളാണ് തമിഴ്നാട് സ്വദേശിയായ ചുടലമുത്തു. ഇയാളുടെ വാച്ച്, ചെരുപ്പ്, തോര്‍ത്ത് എന്നിവ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നുവെന്നും രമാദേവിയുടെ സഹോദരന്മാര് പറഞ്ഞു.
രമാദേവിയുടെ ഭര്‍ത്താവ് ജനാര്ദ്ദനന് നായരാണ് കൊലപാതകം നടത്തിയതെന്ന് തങ്ങള്‍ കരുതുന്നില്ല. മൂന്നുമാസംമുന്പ് തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലും പിന്നീട് എസ്.പിക്ക് മുമ്പാകെയും മൊഴികൊടുക്കാനായി വിളിപ്പിച്ചപ്പോഴും തങ്ങള്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് ചിരിച്ചുതള്ളുകയായിരുന്നുവെന്നും രമാദേവിയുടെ സഹോദരന്മാര് പറഞ്ഞു.