പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യക്കുമായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ കേന്ദ്രികരിച്ചു പൊലീസ് തിരച്ചില്‍ തുടങ്ങി. നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്.
തറയില്‍ ഫിനാന്‍സ് സ്ഥാപന ഉടമ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ടയിലെ ഓമല്ലൂരിലെ തറയില്‍ ഫിനാന്‍സ് പണം നിക്ഷേപകർക്ക് തിരികെ നല്‍കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനമാണ് ഇതെന്നും നൂറുകണക്കിന് ആളുകള്‍ 70 കോടിയോളം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ചിരുന്ന ഒരാളാണ് ആദ്യമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. ഈ പരാതിയെ തുടര്‍ന്ന് പൊലീസ് നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും നേരിട്ട് വിളിച്ച് ഏപ്രില്‍ 30 ന് ചര്‍ച്ചനടത്തിയിരുന്നു. തുടർന്ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുത്തില്ല. പക്ഷെ പറഞ്ഞ അവധിയില്‍ ബാങ്ക് ഉടമയ്ക്ക് പണം നല്‍കിയില്ല. പിന്നീട് പല തവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത് അടഞ്ഞു കിടക്കുന്ന ശാഖകളാണ്. ഇതോടെയാണ് കൂടുതൽ നിക്ഷേപകർ രംഗത്തെത്തിയത്. സജി സാമിനെ നിക്ഷേപകര്‍ പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഓമല്ലൂരിലുള്ള ഇയാളുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും പോലീസ് വ്യക്തമാക്കി.