പത്തനംതിട്ട: ആദിവാസി വയോധികന്റേതെന്നു തെറ്റിധരിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. റാന്നി തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു നടപടി.രണ്ട് ദിവസം മൃതദേഹം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും തുടര്‍ന്നു പോലീസ് പത്രപരസ്യം നല്‍കും. ബന്ധുക്കള്‍ എത്തിയാല്‍ മൃതദേഹം വിട്ടുനല്‍കും. ഇല്ലെങ്കില്‍ ഡിഎൻഎ സാന്പിളുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പൊതുശ്മശനത്തില്‍ മറവുചെയ്യും.
കഴിഞ്ഞ ഡിസംബര്‍ 30നു നിലയ്ക്കലിനും ഇലവുങ്കലിനും മധ്യേ വനത്തിനുള്ളില്‍ ആര്യാട്ടുകവലയില്‍ റോഡരികില്‍ കണ്ടെത്തിയ മൃതദേഹമാണ് മഞ്ഞത്തോട് ആദിവാസി കോളനിയില്‍ രാമന് ബാബുവന്റേതാണെന്നു തെറ്റിദ്ധരിച്ച് സംസ്കരിച്ചത്.രാമന് ബാബു (75) കഴിഞ്ഞദിവസം മടങ്ങിവന്നതോടെയാണ് ബന്ധുക്കള്‍ക്കും പോലീസിനും സംഭവിച്ച അബദ്ധം പുറംലോകം അറിഞ്ഞത്. രാമന് ബാബുവിന്റെ മക്കള്‍ തിരിച്ചറിഞ്ഞതിനാലാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് പോലീസ് പറയുന്നു.
ഏഴ് മക്കളാണ് രാമന് ബാബുവിനുള്ളത്. എല്ലാവരും തന്നെ തങ്ങളുടെ അച്ഛന്റേതാണ് മൃതദേഹമെന്നു സ്ഥിരീകരിക്കുകയും പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മണത്തറ മഞ്ഞത്തോട് കോളനിയിലെത്തി സംസ്കരിക്കുകയും ചെയ്തു.ആനയുടെ ആക്രമണത്തില്‍ മരിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.