പത്തനംതിട്ട: എരുമേലി വെച്ചൂച്ചിറ സ്വദേശിനായ ജെസ്ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയും അവസാനിപ്പിക്കുന്നു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിക്ക് കൈമാറി.
നിലവില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും പിന്നീട് ഏതെങ്കിലും ഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കാമെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും പരാജയപ്പെട്ടതോടെയാണ് കേസ് സിബിഐയിലേക്ക് എത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി കൂടി മുട്ടുമടക്കിയതോടെ കോളിളക്കം സൃഷ്ടിച്ച തിരോധാനക്കേസ് അന്വേഷണം ഏതാണ്ട് അവസാനിച്ച നിലയിലാകും.
ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന കേരള പോലീസ് കണ്ടെത്തല്‍ പൂര്‍ണമായി തള്ളിയാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവായി കേരള പോലീസിന്റെ പക്കല്‍ ഒരു തെളിവും ഇല്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച സംസ്ഥാന പോലീസിന്റെ വാദങ്ങളെല്ലാം സിബിഐ തള്ളിക്കളഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി വിരമിച്ച കെ.ജി.സൈമണ്‍ ഐപിഎസ് തന്റെ സര്‍വീസിലെ അവസാന സമയത്ത് ചില നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കേസില്‍ നിര്‍ണായ വഴിത്തിരിവുണ്ടായെന്നും ജെസ്ന ജീവിച്ചിരിക്കുന്നുവെന്നും ഇതോടെ പ്രചരിച്ചു. പിന്നീടാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്ന പിതാവിനെയും സുഹൃത്തിനെയും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും സംശയിക്കത്തക്ക ഒന്നും കണ്ടെത്താനായില്ല. നിരവധി ഫോണ്‍ കോളുകളും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളും എങ്ങും എത്തിയില്ല.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാര്‍ഥിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. സ്വന്തം വീട്ടില്‍ നിന്നും പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന എരുമേലി വരെ എത്തിയിരുന്നതായി തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടി എവിടെ പോയെന്ന് ഒരു വിവരവുമില്ല.
വീട്ടുകാര്‍ അന്നുതന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പോലീസ് അന്വേഷണം കാര്യക്ഷമമാകാതെ വന്നതോടെ പെണ്‍കുട്ടിയുടെ സഹോദരൻ ജെയ്സ് ജോണും അന്നത്തെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മറ്റ് ചില സംഘടനകളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയിരുന്നു.