പത്തനംതിട്ട : പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യ ഇന്റര്‍സ്റ്റേറ്റ് ബസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി പരാതി നല്‍കിയതിനു തൊട്ടുപിന്നാലേ പരിശോധനയുമായി മോട്ടര്‍ വാഹന വകുപ്പ്. ഇന്റര്‍സ്റ്റേറ്റ് സൂപ്പര്‍ എക്സ്പ്രസ് എന്ന ബോര്‍ഡ് വച്ചു അനധികൃതമായി സര്‍വീസ് നടത്തുകയാണെന്നും ബസ് സര്‍വീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി പരാതി നല്‍കിയത്. ബസ് കോണ്‍ട്രാക് കാര്യേജ് കളര്‍കോഡ് പാലിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇന്നു രാവിലെ ബസ് റാന്നിയില്‍ എത്തിയപ്പോള്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു പരിശോധിച്ചെങ്കിലും പെര്‍മിറ്റ് സംബന്ധമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. വിന്‍ഡ് ഷീല്‍ഡ് പൊട്ടി, എയര്‍ ലീക്കേജ്, ടയറിനു തേയ്മാനം, വയറിങ് പ്രശ്നം തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്കി. സെപ്റ്റംബര്‍ 15ന് മുന്‍പു ഇവ പരിഹരിച്ചു ആര്‍ടിഒയ്ക്കു മുന്നില്‍ പരിശോധനയ്ക്ക് ഹാജരാക്കാണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍വീസ് നിയമാനുസൃതമാണെന്ന് ബസുടമ പറഞ്ഞു. ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് കേരളത്തില്‍ നിന്നുള്ള ബെംഗളൂരു, ചെന്നൈ സര്‍വീസ് മാതൃകയിലാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും സര്‍വീസ് നിയമപരമാണെന്നും ഇന്റര്‍സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എ.ജെ. റിജാസ് പറഞ്ഞു. നിയമത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഒരോ മൂന്നു മാസം കൂടുമ്പോഴും 3 ലക്ഷം രൂപയോളം സര്‍ക്കാരിനു നികുതി ഇനത്തില്‍ അടയ്ക്കുന്ന ഇന്റര്‍ സ്റ്റേറ്റ് ബസുകളെ പ്രോല്‍സാഹിപ്പിക്കുകയാണു വേണ്ടതെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതില്‍ 2 ലക്ഷം രൂപയോളം സംസ്ഥാന സര്‍ക്കാരിനും ബാക്കി കേന്ദ്രസര്ക്കാരിലേക്കുമാണു പോകുന്നത്. റോബിന് മോട്ടോഴ്സാണു പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
140 കിലോമീറ്ററില്‍ കൂടുതലുള്ള സര്‍വീസുകളെല്ലാം കെഎസ്ആര്‍ടിസിക്കു വേണ്ടി നിര്‍ത്തലാക്കിയതോടെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓടിച്ചിരുന്നവര്ക്കു മുന്നില്‍ ജീവിക്കാന്‍ മറ്റു വഴികളില്ലെന്നു ബസുടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസിക്കു വിവിധ ഡിപ്പോകളില്‍ നിന്നു കോയമ്പത്തൂര്‍ സര്‍വീസുകളുണ്ട്. എ വണ്‍ ട്രാവല്‍സ് എന്ന സ്വകാര്യ ഓപ്പറേറ്ററും വര്‍ഷങ്ങളായി പത്തനംതിട്ട-കോയമ്പത്തൂര്‍ രാത്രികാല സര്‍വീസ് നടത്തുന്നുണ്ട്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഓള് ഇന്ത്യ പെര്‍മിറ്റ് വ്യവസ്ഥകളില്‍ പെര്‍മിറ്റ് രാജ് അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മേയ് ഒന്നിന് മാറ്റം കൊണ്ടുവന്നിരുന്നു. ഇത് പ്രയോജനപ്പെടുത്തി കൂടുതല്‍ സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്,ഇത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെങ്കിലും കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം വരുത്തുമെന്ന ചിന്താഗതിയാണ് ഇത്തരം സര്‍വീസുകള്‍ക്ക് തടയിടാന്ശ്രമിക്കുന്നത്.