പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ – മനയ്ക്കച്ചിറ റോഡിലെ കുറ്റൂര്‍ റെയില്‍വേ അടിപ്പാത അറ്റകുറ്റപ്പണികള്‍ക്കായി തുടര്‍ച്ചയായി അടച്ചിടുന്നതിന് പിന്നില്‍ ഗൂഡലക്ഷ്യമാണെന്ന് യൂത്ത് ഫ്രണ്ട് ആരോപിച്ചു. 10 ദിവസം പൂര്‍ണ്ണമായും അടച്ചിടാനാണ് ഉദ്യോഗസ്ഥര്‍ കീരുമാനിച്ചിരിക്കുന്നത്. ഈ മാസം അഞ്ചു മുതല്‍ 14 വരെയാണ് അറ്റകുറ്റ പണികകളുടെ പേരില്‍ റോഡ് പൂര്‍ണമായും അടച്ചിടുന്നത്.
എം സി റോഡിനെയും ടി കെ റോഡിനെ ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടര്‍ ബൈപാസ് ആയി ഉപയോഗിക്കുന്ന ഗതാഗത തിരക്കേറിയ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും മാര്‍ഗമായിരുന്നു ഇത്. ആലപ്പുഴ ജില്ലകളിലേക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ മണ്ണും കല്ലുമടക്കമുള്ള സാമഗ്രികള്‍ കൊണ്ടുപോകുന്ന വലിയ ടോറസ് അടക്കമുള്ള വാഹനങ്ങള്‍ കൂടുതലും കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്.
അറ്റകുറ്റപ്പണികള്‍ക്കായി 2022 നവംബറില്‍ ഒരു മാസക്കാലം ഈറോഡ് പൂര്‍ണമായി അടച്ചിരുന്നു. ഡിസംബര്‍ 9 നാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് റോഡ് തുറന്നു കൊടുത്തത്. ഏതാനും നാളുകള്‍ക്കു ശേഷം അടിപ്പാതയില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും റോഡിന് കുറുകെയുള്ള ഓടയ്ക്കു മുകളില്‍ സ്ഥാപിച്ച ഇരുമ്പ് കവറേജ് തകരുകയും യാത്ര ദുഷ്കരമാവുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പ് റോഡിലെ കുഴികള്‍ അടച്ചെങ്കിലും ഓടയ്ക്ക് മുകളിലെ ഇരുമ്പ് വല്‍ കൂടുതല്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ് ഇതിന്റെ അറ്റകുറ്റ പണിക്കായിട്ടാണ് പാത അടയ്ക്കുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മികച്ച എന്‍ജിനീയറിങ് വൈദഗ്ധ്യം ഉള്ള റെയില്‍വേ നടത്തിയ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴ മൂലവും ഗതാഗത തിരക്കേറിയ ഈ റോഡ് ഇടയ്ക്കിടെ പൂര്‍ണമായി അടച്ചിടുന്നത് ഈ റോഡിന്റെ പ്രാധാന്യത്തെ തകര്‍ക്കാനാണെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ആര്. രാജേഷ് ആരോപിച്ചു.