പാലക്കാട്: കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. ഞായറാഴ്ചയാണ് സംഭവം. ആസാം സ്വദേശിനിയാണ് കുഞ്ഞിനെ ലോട്ടറി വില്പനക്കാരിയെ ഏല്‍പ്പിച്ചശേഷം പോയത്.
ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ഉറങ്ങിയ തക്കംനോക്കിയാണ് സ്ത്രീ കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങിയത്. ലോട്ടറി വില്പനക്കാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. ശിശുസംരക്ഷണ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ മലമ്പുഴയിലെ ആനന്ദ് ഭവനിലേക്ക് മാറ്റി.
രണ്ടുമാസം മുമ്പാണ് ആസാം സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പാലക്കാട് മരുതറോഡിലുള്ള വാടകവീട്ടില്‍ താമസം ആരംഭിച്ചത്. ഇരുവരും തമ്മില്‍ പതിവായി തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്.
അതേസമയം, ഒരുമാസം മുമ്പ് അമ്മ കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതായുള്ള സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചിട്ട് അമ്മ എവിടേക്കാണ് പോയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.