പാലക്കാട്: മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. മണിക്കൂറുകളോളം കോഴിക്കൂട്ടിലെ കമ്പിയില്‍ പുലിയുടെ കാല് കുടുങ്ങിയതാണ് മരണകാരണം. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.
കോട്ടോപ്പാടം പൂവത്താണി ഫിലിപ്പ് എന്നയാളുടെ പറമ്പിലെ കോഴിക്കൂട്ടിനകത്ത് കുടുങ്ങിയ പുലിയാണ് ചത്തത്. ഇരുമ്പ് വലയില്‍ കൈകള്‍ കുടുങ്ങി ആറ് മണിക്കൂറിലേറെ സമയമാണ് പുലി കിടന്നത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങിയ ഫിലിപ്പ് കൂട്ടില്‍ കുടുങ്ങിയ പുലിയെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ കോഴിക്കൂടിന്റെ ഇരുമ്പ് വലയില്‍ പുലിയുടെ കൈകള്‍ കുടുങ്ങുകയായിരുന്നു.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ സുബൈറിന്റെ നേതൃത്വത്തില്‍ വനപാലകരും പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അക്രമ സാധ്യത കണക്കിലെടുത്ത് മയക്കുവെടിവെച്ചതിന് ശേഷം പുലിയ കൂട്ടിനകത്തേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി വയനാട്ടില്‍ നിന്നും ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണാര്‍ക്കാട്ടേയ്ക്ക് തിരിച്ചിരുന്നു.