പാലക്കാട്: അന്തര്‍സംസ്ഥാന ആഡംബരവാഹന തട്ടിപ്പുസംഘത്തിലെ രണ്ടുപേര്‍ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. സര്‍ഗം ഓഡിയോ കാസറ്റ്സ് ഉടമയായിരുന്ന ചാവക്കാട് സ്വദേശി കബീര്‍ (48), എറണാകുളം ഫ്ലാറ്റ് സമുച്ചയ ഓണേഴ്സ് നേതാവ് ബെന്നി അഗസ്റ്റിന് (56) എന്നിവരാണ് പിടിയിലായത്. ചാലിശ്ശേരി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.
ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശി ജയകൃഷ്ണന്റെ വാഹനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് രണ്ട് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക് മുഖേനയാണ് കുളപ്പുള്ളി സ്വദേശി വാഹനം വാങ്ങിയത്. സാമ്പത്തികബുദ്ധിമുട്ടു വന്നതോടെ വാഹന ഉടമ ചാലിശ്ശേരി സ്വദേശി അബ്ദുള്‍ ഖഫൂര്‍ മുഖേന കബീറിന് വാഹനം പണയംവെച്ച് മൂന്ന് ലക്ഷം രൂപ കൈപ്പറ്റി.
പിന്നീട് ആറുമാസം പിന്നിട്ടിട്ടും വാഹനം തിരികെ നല്‍കിയില്ല. ഇതോടെ ബാങ്ക് വായ്പാതിരിച്ചടവും മുടങ്ങി. ഇതിനെത്തുടര്‍ന്ന് ബാങ്ക് ജപ്തിനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനം കൈമറിഞ്ഞുപോയതായ സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായവര്‍ വലിയൊരു സംഘത്തിലെ കണ്ണികളാണെന്നും നൂറുകണക്കിന് ആഡംബരവാഹനങ്ങള്‍ കൈമാറി തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തി. തുടരന്വേഷണത്തില്‍ വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തി അവിടെ രജിസ്ട്രേഷന് നടത്തി ഉപയോഗിച്ചുവരികയാണെന്നും പോലീസ് മനസ്സിലാക്കി.
കേരളത്തിലുടനീളം ഇത്തരത്തില്‍ വന്‍ ലോബി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും ചാലിശ്ശേരി എസ്.എച്ച്.ഒ. സതീഷ് കുമാര്‍ പറഞ്ഞു. നാലുപേര്‍ക്കുവേണ്ടിയുള്ള അന്വേഷണം നടക്കുന്നു. പിടിയിലായ രണ്ടുപേരെയും പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.