പാലക്കാട്: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണത്തിന് ശ്രമിക്കുന്നതിനിടെ വീണ്ടും പിടിയില്‍. പാലക്കാട് പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് പിടിയിലായത്. തച്ചമ്പാറ സ്വദേശിനിയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ജാഫര്‍ അലിയെ പിടികൂടി പൊലീസില്‍ ഏല്പിച്ചത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് പാലക്കാട് പറക്കുന്നത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് മോഷ്ടിച്ച കേസില്‍ ജാഫര്‍ അലി പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു തിങ്കളാഴ്ച തച്ചമ്പാറയിലെ മോഷണ ശ്രമം. തച്ചമ്പാറ മുള്ളത്ത്പാറയില്‍ വെച്ച് വീട്ടമ്മയെ തോക്ക് കാണിച്ച് ഭയപ്പെടുത്തി മാല കവരാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.കല്ലടിക്കോട് പൊലീസെത്തി ജാഫര്‍ അലിയെ അറസ്റ്റ് ചെയ്തു. തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.