പൊന്നാനി : എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് നഗരസഭയുടെ മാതൃശിശു ആശുപത്രിയില്‍ ഗ്രൂപ്പ് മാറി രക്തം നല്കി. അവശനിലയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തില്‍ അസ്ലമിന്റെ ഭാര്യ റുക്സാനയ്ക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്തം കയറ്റിയത്. ‘ഒ’ നെഗറ്റീവിനു പകരം ‘ബി’ പോസിറ്റീവ് രക്തമാണു നല്‍കിയത്.
3 ദിവസം മുന്‍പാണ് നഗരസഭയുടെ ആശുപത്രിയില്‍ റുക്സാനയെ പ്രവേശിപ്പിച്ചത്. രക്തക്കുറവുണ്ടെന്നതിനാല്‍ ആദ്യദിനം മുതല്‍ രക്തം കയറ്റുന്നുണ്ടായിരുന്നു. വ്യത്യസ്ത ഗ്രൂപ്പില്‍പെട്ട രക്തം കയറ്റിയത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്. അരമണിക്കൂറിനകം ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
രക്തഗ്രൂപ്പ് മാറിപ്പോയ വിവരം ബന്ധുക്കള്‍ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് അറിഞ്ഞത്. നാട്ടുകാരും ബന്ധുക്കളും പൊന്നാനിയിലെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. 15 മില്ലിയില്‍ താഴെ മാത്രമേ ‘ബി’ പോസിറ്റീവ് രക്തം കയറിയിട്ടുള്ളൂവെന്നും പിഴവു മനസ്സിലായതോടെ അടിയന്തര നടപടികള്‍ സ്വീകരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പൊന്നാനി നഗരസഭാധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം പറഞ്ഞു.