മലപ്പുറം: കരുവാരകുണ്ട് കേരളാംകുണ്ടില്‍ ട്രക്കിങ്ങിനു പോയി മലയില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം അജ്ഞല്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷിച്ചത്.
കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ട്രക്കിങ്ങിനു പോയത്. ഇന്നലെ വൈകുന്നേരത്താണ് കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്തുള്ള കൂമ്പന്‍ മലയില്‍ കുടുങ്ങിയത്ത്. വൈകുന്നേരത്തെ ശക്തമായ മഴയില്‍ ചോലകള്‍ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്.
സംഘത്തിലുണ്ടായിരുന്ന ഷംനാസ് എന്നയാള്‍ നടന്നെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുവാരകുണ്ട് പോലീസും അഗ്നിശമന സേനയും സ്ഥലത്തേക്ക് പുറപ്പെട്ടങ്കിലും രാത്രിയും മഴയുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാവുകയായിരുന്നു.
സംഘത്തിലെ ഒരാള്‍ വഴിയറിയാതെ മലയുടെ വിവിധ ഭാഗങ്ങളിലൂടെ ചുറ്റിനടന്നാണ് താഴെയെത്തിയത്. ചേരിപ്പടി ഭാഗത്തെത്തിപ്പെടേണ്ട ഇയാള്‍ കല്ക്കുണ്ടു ഭാഗത്തേക്കാണ് എത്തിച്ചേര്‍ന്നത്.