താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിലും നീലവെളിച്ചം വിതറി കവര്‍ പൂത്തു.കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കര്‍കണക്കിന് പാടത്താണ് കവര്‍ പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്‍.
രാത്രികളിലാണ് കവരിന്റെ നീലവെളിച്ചം താനൂര്‍ അണിയുന്നത്. ഒരാഴ്ചയായി ആയിരക്കണക്കിന് ജനങ്ങളാണ് കവര്‍ പൂത്തത് കാണാനായി രാത്രികാലങ്ങളില്‍ കുടുംബസമേതം പാടത്തേയ്ക്കെത്തുന്നത്. പകല്‍ സമയങ്ങളില്‍ ഈ വെളളത്തിന് യാതൊരു പ്രത്യേകതയുമില്ല. എന്നാല്‍ ഇതേ വെളളമാണ് രാത്രിയില്‍ നീലനിറത്തില്‍ വെള്ളമായി മാറുന്നത്. വെള്ളം ഇളകുമ്പോഴും കോരി ഒഴിക്കുമ്പോഴും മറ്റും കണ്ണിന് നല്ല കുളിര്‍മയുളള നീലപ്രകാശമാണ് പരക്കുന്നത്. കവര്‍ കാണാനായി രാത്രി മുതല്‍ പുലരുംവരെ ആളുകള്‍ എത്താറുണ്ട്. താനൂര്‍ നഗരസഭയും പ്രദേശത്തെ വീട്ടുകാരും ഇത് കാണാനായെത്തുന്ന സന്ദര്‍ശകര്‍ക്ക് വെളിച്ചമൊരുക്കി ഒപ്പമുണ്ട്.
എന്താണ് കവര്‍
കവര്‍ എന്നറിയപ്പെടുന്നത് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെയാണ്. ബയോ ലൂമിനസെന്‍സ് എന്നാല്‍ ആല്‍ഗ, ഫംഗസ്, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാല്‍ ഇതിനെ തണുത്തവെളിച്ചം എന്നും അറിയപ്പെടുന്നുണ്ട്. ഇത് കൂടുതലായും കാണപ്പെടുന്നത് കടലിനോടുചേര്‍ന്നുള്ള കായല്‍ പ്രദേശങ്ങളിലാണ്. മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിക്കുന്നതിന് കാരണവും ചെങ്കടലിന്റെ ചുവപ്പുനിറത്തിനും കാരണവും ഇതേ പ്രതിഭാസം തന്നെയാണ്.