മലപ്പുറം: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വേങ്ങരയിലെ പണിപൂര്ത്തിയാക്കാനിരിക്കുന്ന വീട്ടിലാണ് എത്തിച്ചത്. സംസ്കാരം തറവാട്ടുവളപ്പില്‍ വെച്ച് നടത്തും.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ 16 പേരാണ് മരിച്ചത്. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ച് ആണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് വിവരം. ഇവര്‍ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ട് അടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്ന് പുക പടരുകയായിരുന്നു. ദേരയില്‍ ട്രാവല്‍സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്കൂള്‍ അധ്യാപികയായിരുന്നു.