മലപ്പുറം : എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ മലപ്പുറം ജില്ലയെ ബഹു ദൂരം മുന്നിലെത്തിച്ച മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിപ്ലവ പദ്ധതിയായ ‘വിജയ ഭേരി’ ഇനി മുതൽ ഹയർ സെക്കണ്ടറി, വി എച്ച് എസ്. ഇ തലങ്ങളിലേക്കും വ്യാപിപ്പിക്കുo. പദ്ധതിയുടെ ഉത്ഘാടനം ചൊവ്വ രാവിലെ 10ന് സൂര്യ റീജൻസി ഹാളിൽ ന് നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീർ എം. പി. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ അധ്യക്ഷയാവും. എല്ലാ സ്കൂളുകളിലും 100% വിജയം ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർ സെക്കൻഡറി വി.എച്ച്.എസ്.ഇ തലത്തിലേക്കും വിജയഭേരി പദ്ധതി നടപ്പിലാ ക്കുന്നത്.
ഇതോടെ 2000-05 കാലഘട്ടത്തിലെ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തുടക്കം കുറിക്കുകയും മറ്റു ജില്ലകൾ മാതൃകയാക്കുകയും ചെയ്ത വിജയ ഭേരി പദ്ധതിക്ക് 20 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ തന്നെ പുതിയ രൂപവും ഭാവവും കൈവരുകയാണ്.ഹൈസ്കൂൾ തലത്തിൽ 2001-2002 അധ്യയന വർഷം മുതൽ ആരംഭിച്ച വിജയഭേരി പദ്ധതിയുടെ പഠന പ്രക്രിയകൾ കാലാനുസൃതമായി നവീകരിച്ചു കൊണ്ടാണ് പുതിയ പദ്ധതിയും വിഭാവനം ചെയ്തിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എംകെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ് എന്നിവർ അറിയിച്ചു.
ചടങ്ങിൽ ജില്ലയിൽ നിന്നും സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടർ വി. ആർ പ്രേംകുമാറിന് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നൽകും.