മലപ്പുറം: കേരളത്തില്‍ ആദ്യമായി ബജറ്റ് ടൂറിസം പാക്കേജുകള്‍ക്ക് തുടക്കമിട്ട മലപ്പുറം ഡിപ്പോ സിയാറത്ത് യാത്രകള്‍ ഒരുക്കുന്നു. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് വ്യത്യസ്തരായ യാത്രികരെയും യാത്രകളും കെഎസ്ആര്‍ടിസി ഏകോപിപ്പിക്കുന്നത്. റമസാനോടനുബന്ധിച്ച് വിശ്വാസികള്‍ക്കായി ജില്ലയില്‍ നിന്നും വിശുദ്ധരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കാന്‍ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 23ന് മലപ്പുറം ഡിപ്പോയില്‍ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്.
സിയാറത്ത് യാത്രയില്‍
മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകള്‍ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തന്‍പള്ളി, വെളിയങ്കോട് മഖ്ബറകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകള്‍ കൂടി സന്ദര്‍ശിച്ച് വൈകിട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകള്‍ ക്രമീകരിക്കുന്നത്.
ഒരാള്‍ക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സിയാറത്ത് യാത്രകള്‍ വിജയകരമായാല്‍ ദീര്‍ഘ ദൂര യാത്രകളും വിശ്വാസികള്‍ക്കായി ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. യാത്രയുടെ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447203014.
മുന്‍പ് രാമായണ മാസത്തില്‍ നാലമ്പല തീര്‍ത്ഥാടന പാക്കേജും മലപ്പുറം കെഎസ്ആര്‍ടിസി ഒരുക്കിയിരുന്നു. കേരളത്തില്‍ ആദ്യമായി ബജറ്റ് ടൂറിസം പാക്കേജുകള്‍ക്ക് തുടക്കമിട്ടത് മലപ്പുറം ഡിപ്പോ ആണ്. കോവിഡ് കാലത്തിനു ശേഷം തുടങ്ങിയ ഈ പാക്കേജുകള്‍ വന്‍ വിജയമായിരുന്നു. മൂന്നാര്‍, മലക്കപ്പാറ, ഗവി, വയനാട്, ആലപ്പുഴ തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മലപ്പുറം കെ എസ് ആര് ടി സി ടൂറിസം പാക്കേജുകള്‍ നടത്തിയിരുന്നു.