തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നടത്തുന്ന ജില്ലാ പര്യടനത്തിന് ഇന്ന് തുടക്കം. കോഴിക്കോട് ആണ് ആദ്യ പരിപാടി. രാവിലെ കണ്‍വെന്‍ഷനും ഉച്ചയ്ക്കുശേഷം നേതൃയോഗവും നടക്കും. അതേസമയം, കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് 6 ജില്ലകളിലെ മണ്ഡലം പുന:സംഘടന പൂര്‍ത്തിയാക്കാനായിട്ടില്ല. പുന:സംഘടന ഏകപക്ഷീയമായി എന്ന പരാതിയാണ് ഏ ഗ്രൂപ്പിനുള്ളത്.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മൈക്കിനായി നടത്തിയ ഈ പിടിവലി കെ സുധാകരനെയും വിഡി സതീശനെയും മാനസികമായി അകറ്റിയിരുന്നു. മണ്ഡലം പുന:സംഘടനയെ അടക്കം ഈ അകല്‍ച്ച ബാധിച്ചിരിക്കുകയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനപ്രകാരമുള്ള ജില്ലാതല പര്യടനത്തിന് സുധാകരനും സതീശനും കൈകോര്‍ക്കുന്നത്. അടുത്ത മാസം 11 വരെ ഓരോ ജില്ലയിലും ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇരുവരും വിലയിരുത്തും. ബ്ലോക്ക് പ്രസിഡന്റുമാരുമായും ഡിസിസി ഭാരവാഹികളുമായും പ്രധാനപ്പെട്ട നേതാക്കളുമായും ഇരുവരും പ്രത്യേകം കൂടിക്കാഴ്ച നടത്തും.
ജില്ലാതലത്തില്‍ സമവായമുണ്ടാക്കി നല്കിയ പട്ടികയില്‍ ഉള്‍പെടെ കെപിസിസി നേതൃത്വം മാറ്റം വരുത്തിയത് ഏ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയതിനാലാണ് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ പരാതിയുമായി സമീപിക്കാത്തത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മണ്ഡലം പുന:സംഘടന ഇനി പൂര്‍ത്തിയാകാനുള്ളത്.