രാമനാട്ടുകര : ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെ രാമനാട്ടുകര നഗരസഭയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ആറുദിവസം. ഇത്തിളാംകുന്ന് ടാങ്ക് പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം കിട്ടുന്നില്ല. ഇതിനിടെ ഒരുദിവസം ഭാഗികമായി ഫാറൂഖ് കോളേജ് ടാങ്ക് പരിധിയില്‍ ഉള്ളവര്‍ക്ക് വെള്ളം ലഭിക്കുകയുണ്ടായി.
പെരിങ്ങാവ് റോഡിലും ദാനഗ്രാം ഭാഗത്തും 16, 17 ദിവസങ്ങളില്‍ പൈപ്പ് പൊട്ടിയിരുന്നു. 19-ന് രാമനാട്ടുകര അങ്ങാടിയിലും ചിറക്കാംകുന്ന് റോഡിലും പൈപ്പ് ചോര്‍ച്ച അടയ്ക്കാന്‍വേണ്ടി ജലവിതരണം നിര്‍ത്തിവെച്ചു. ഇതെല്ലാം പരിഹരിച്ചപ്പോഴേക്കും ചീക്കോട് പദ്ധതിക്ക് കുടിവെള്ളം പമ്പുചെയ്യുന്ന എടവണ്ണപ്പാറയ്ക്കുസമീപം ഇരട്ടമുഴിയില് പ്രധാന ലൈനില്‍ ചോര്ച്ചവന്നതിനാല് പമ്പിങ് നിര്‍ത്തിവെക്കുമെന്നും 20, 21 തീയതികളില്‍ ജലവിതരണമുണ്ടാകില്ലെന്നും അറിയിച്ചു. എന്നാല്‍, പൊതുമരാമത്തുവകുപ്പും റോഡ് കരാറുകാരനും റോഡ് പൊളിക്കാന്‍ സമ്മതിക്കാത്തതിനാല്‍ 20, 21 തീയതികളില്‍ ജലഅതോറിറ്റിക്ക് പണിനടത്താന്‍ കഴിഞ്ഞില്ല. റോഡ് പൊളിക്കാനുള്ള രേഖകള്‍ മുഴുവന്‍ ശരിയാക്കാത്തതായിരുന്നു തടസ്സം. ജൂണ്‍ 22-ന് ഇരട്ടമുഴിയില് പൈപ്പിന്റെ ചോര്‍ച്ചയടയ്ക്കുന്ന അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച പണി പൂര്‍ത്തിയാക്കിയതിനുശേഷമേ പമ്പിങ് പുനരാരംഭിക്കുകയുള്ളൂ.
കഴിഞ്ഞമാസവും പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയും കാരണം 11 ദിവസം ജലവിതരണം മുടങ്ങിയിരുന്നു. ഇടയ്ക്കിടെ കുടിവെള്ളം മുടങ്ങുമ്പോഴും രാമനാട്ടുകര നഗരസഭയുടെ പലസ്ഥലങ്ങളിലും പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.