കോഴിക്കോട് : മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസിന് തിരിച്ചടി. എം.എല്‍.എ കൈവശം വച്ച ഭൂമി കണ്ടുകെട്ടാന്‍ ഉത്തരവ്. 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡാണ് ഉത്തരവിട്ടത്. വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍ നിന്ന് ഒഴിവാക്കി. ജോര്‍ജിന്റെ സഹോദരന് കൈവശംവെച്ച ആറേക്കര്‍ തിരിച്ചേല്‍പ്പിക്കാനും ഉത്തരവ് .
ജോർജ് എം.തോമസ് മിച്ചഭൂമി വിൽപന നടത്തിയെന്ന പരാതി ശരിവയ്ക്കുന്ന വിധത്തിൽ താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട് വന്നിരുന്നു. ജോർജ് എം.തോമസ് 2001ൽ അഗസ്റ്റിൻ എന്നയാളുടെ പേരിൽ എഴുതി നൽകിയ ഒരേക്കർ ഭൂമി തന്നെയാണ് 21 വർഷത്തിനു ശേഷം ഭാര്യ ആനീസ് ജോർജിന്റെ പേരിൽ വാങ്ങിയതെന്നു ലാൻഡ് ബോർഡ് കണ്ടെത്തി. മിച്ചഭൂമിയെന്നു നേരത്തേ സ്ഥിരീകരിച്ച ഈ വസ്തുവിൽ ഇരുനിലവീട് നിർമിക്കുന്നതായും ഓതറൈസ്ഡ് റിപ്പോർട്ടർ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ജോർജ് എം.തോമസിന്റെ പിതാവിന്റെ കൈവശമുണ്ടായിരുന്ന 16.40 ഏക്കർ ഭൂമി മിച്ചഭൂമിയാണെന്നു സ്ഥിരീകരിച്ചു സർക്കാരിലേക്കു കണ്ടുകെട്ടാൻ 2000 ൽ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടർന്ന് ജോർജ് എം.തോമസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീലിൽ തീരുമാനം വരുന്നതിനു മുൻപ് ഇതിൽ ഒരേക്കർ അഗസ്റ്റിന് വിൽപന നടത്തിയെന്നും 21 വർഷത്തിനു ശേഷം 2022ൽ മുക്കം സബ് റജിസ്ട്രാർ ഓഫിസ് മുഖേന അഗസ്റ്റിനിൽ നിന്നു ജോർജ് എം.തോമസിന്റെ ഭാര്യയുടെ പേരിലേക്കു വാങ്ങിയെന്നുമാണ് പരാതി.
പൗരാവകാശ പ്രവർത്തകനായ തിരുവമ്പാടി ആനടിയിൽ സെയ്തലവി, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സിറാജുദ്ദീൻ എന്നിവർ ലാൻഡ് റവന്യു കമ്മിഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലാൻഡ് ബോർഡ് പരിശോധന നടത്തിയിരുന്നു. തുടർന്നാണു റിപ്പോർട്ട് സമർപ്പിച്ചത്.ഇങ്ങനെ ഇടപാട് നടന്നിട്ടില്ലെ ന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ജോർജ് എം.തോമസിന്റെ നേരത്തേയുള്ള പ്രതികരണം. സംഭവത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.