കോഴിക്കോട്: മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്കി. കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് ചന്ദ്രന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന് ചെയര്മാന് എന്നിവര്‍ക്കും പിതാവ് പരാതി നല്കി.
ജൂലായ് 13-നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയില്‍ ആദിത്യയെ മരിച്ചനിലയില്‍ കണ്ടത്. ആദിത്യയുടെകൂടെ താമസിക്കുന്ന മാവൂര്‍ സ്വദേശിയെ ഇതുവരെയും പോലീസ് ചോദ്യംചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണംനടത്താത്തത് ബാഹ്യശക്തികളുടെ ഇടപെടല്‍മൂലമാണെന്നും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.