കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി.ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത ശേഷം യുവതിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി തല തോട്ടിലെ ചെളിയില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ മലപ്പുറം സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന് അടുത്തെത്താന്‍ വഴിയില്‍ വാഹനം കാത്തുനിന്ന അനുവിനെ ഇയാള്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവര്‍ ബൈക്കില്‍ കയറി.
തോടിന് സമീപത്തുവച്ച് ബൈക്ക് നിര്‍ത്തിയ പ്രതി അനുവിനെ തോട്ടില്‍ മുക്കി കൊലപ്പെടുത്തി. പിന്നീട് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി വരുമ്ബോഴാണ് ഇയാള്‍ കൊല നടത്തിയത്. മലപ്പുറം സ്വദേശിയായ പ്രതിക്കെതിരേ 55 കേസുകള്‍ നിലവിലുണ്ട്. സമാനരീതിയില്‍ അപരിചിതരായ സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുത്ത ശേഷം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാമെന്ന സംശയത്തില്‍ പോലീസ് അന്വേഷണം നടത്തിയത്. കമ്മല്‍ മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്.
സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.