കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ. കോഴിക്കോട് എളയേറ്റിൽ വട്ടോളിയിലാണ് സംഭവം. ബിഹാർ സ്വദേശിയായ അലി അക്ബറിനെ ആണ് ബൈക്കിൽ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽ തൂങ്ങിക്കിടന്ന ഇയാളെ 100 മീറ്ററോളം ദൂരത്തോളം പ്രതികൾ കെട്ടിവലിച്ചു.
ഒരു കോൾ വിളിക്കാനാണ്, മൊബൈൽ ഫോൺ തരുമോ’ എന്ന് പ്രതികൾ അഭ്യർത്ഥിക്കുകയായിരുന്നു. മൊബൈൽ ഫോൺ നൽകിയപ്പോൾ മോഷ്ടാവ് നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിക്കുന്നതായി അഭിനയിക്കുകയും ബൈക്ക് മുന്നോട്ടെടുക്കുകയും ആയിരുന്നു. അലി ബൈക്കിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കൾ ബൈക്ക് മുന്നോട്ടു ഓടിച്ചു. ഇതിനിടെ ബൈക്കിനു പിന്നിൽ ഇരുന്നയാൾ മൊബൈൽ ഫോണും ആയിട്ട് റോഡിലേക്ക് വീഴുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പ്രതികളെപ്പറ്റി സൂചന ലഭിച്ചു എന്ന് പൊലീസ് പറയുന്നു. പ്രദേശവാസികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.