കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 180 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ബോധപൂര്‍വമായ ലൈംഗികാതിക്രമം നടത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് സുരേഷ്ഗോപിക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ 27 ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കാരണം കുറ്റപത്രം തിരിച്ചയയ്ച്ചിരുന്നു. പിശകുകള്‍ തിരുത്തി ഇന്ന് വീണ്ടും സമര്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു.