വൈക്കം: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കി കെ.എസ്.ആര്.ടി.സി. ബസ് ജീവനക്കാര്‍. എറണാകുളത്തുനിന്ന് കോട്ടയത്തേക്കു പോവുകയായിരുന്ന വൈക്കം ഡിപ്പോയുടെ ആര്.പി.എം. 885 എന്ന ബസില്‍ യാത്രചെയ്ത തിരുവനന്തപുരം പെരിങ്ങമല ഷഹന മന്‍സില്‍ ഷഹന(25)ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ ബസ് ചെമ്പ് ഭാഗത്ത് എത്തിയപ്പോള്‍ ഷഹന സീറ്റില്‍ കുഴഞ്ഞുവീണു. അടുത്തിരുന്ന യാത്രക്കാര്‍ കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബസ് വൈക്കം താലൂക്ക് ആശുപ്രതി ലക്ഷ്യമാക്കി പാഞ്ഞു. ബസ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നതുവരെ മറ്റൊരു യാത്രക്കാരി മൗത്ത് ബ്രീത്ത് നല്കിയതും ഏറെ സഹായകരമായി.
അവിടെ പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇടയ്ക്ക് ഇറങ്ങാന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ബസ് നിര്‍ത്താതെ ആശുപത്രിയില്‍ എത്തിക്കാന്‍ അവരുടെ സഹകരണവും ഉണ്ടായതായി ബസിലെ ജീവനക്കാരായ കണ്ടക്ടര്‍ പോള്‍ കെ.ഡാനിയേല്‍, ഡ്രൈവര്‍ ബെന്നിച്ചന് ജേക്കബ് എന്നിവര്‍ പറഞ്ഞു.