കോട്ടയം: ട്രെയിനില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി.
കോട്ടയം റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈൻ ആണ് കോട്ടയം റെയില്‍വെ പൊലീസിന്റെ പിടിയിലായത്.
തൃശൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്പെഷ്യല്‍ ട്രയിനില്‍ യാത്ര ചെയ്ത യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. ട്രെയിനിന് സമീപം നിന്ന യുവാവ് ട്രെയിൻ ഓടിത്തുടങ്ങിയപ്പോള്‍ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു.
മോഷണത്തിന് ശേഷം അമൃത എക്സ്പ്രസില്‍ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോണ്‍ അടങ്ങിയ ബാഗും കവര്‍ന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാള്‍.