കാഞ്ഞിരപ്പള്ളി: വ്യാജ വോട്ടുകളുടെ ബലത്തില്‍ തിരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ഇടതുപക്ഷം സ്വപ്നം കാണുന്നതെന്ന് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുള്ള വ്യജ വോട്ടര്‍മാരെ കണ്ടെത്തി നീക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി യു.ഡി.എഫ. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടുങ്ങൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ പ്രധാന ഘടകം വോട്ടര്‍പട്ടികയാണ്. ആ വോട്ടര്‍ പട്ടികയില്‍ സംസ്ഥാനത്താകെ നാലു ലക്ഷം വ്യാജ വോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഒരേ ഫോട്ടോ ഉപയോഗിച്ച് പലയിടങ്ങളിലായി വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സിപിഐഎം ഗൂഡാലോചനയാണ്. സിപിഎം അനുകൂല സര്‍വ്വീസ് സംഘടനകളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ നീക്കം അനുവദിച്ചു കൊടുക്കില്ല. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ന്യായ് പദ്ധതി ഉള്‍പ്പെടെ ഒട്ടേറെ ജനോപകാരപ്രദമായ പ്രഖ്യാപനങ്ങളുമായാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നു വന്ന ജോസഫ് വാഴയ്ക്കന് നിരവധി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹരിച്ച അനുഭവവും കഴിവുമുള്ള പൊതുപ്രവര്‍ത്തകനാണെന്നും കാഞ്ഞിരപ്പള്ളിയില്‍ വികസനം എത്തിക്കാന്‍ ജോസഫ് വാഴയ്ക്കനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി.വി. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ എംപി പി.സി. തോമസ്, നാരായണ്‍ സ്വാമി, പി.എ. സലിം, അഡ്വ. സേതുരാജ്, അഡ്വ സതീശ് ചന്ദ്രന് നായര്‍, തോമസ് കുന്നപ്പിള്ളി, എന്‍.ബി. പ്രദീപ്കുമാര്‍, അഡ്വ. അഭിലാഷ് ചന്ദ്രന്, സുഷമ ശിവദാസ്, ബിജു പുന്നത്താനം, ടി.കെ. സുരേഷ്കുമാഔ, റോണി കെ. ബേബി, നൗഷാദ് കരിമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.