ദിവസങ്ങളായി നഗരസഭാ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായ പാലായില്‍ ഒടുവില്‍ കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി സിപിഐഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പകരം ജോസിന് ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഏരിയ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് ബിനു പുളിക്കകണ്ടത്തെ ഒഴിവാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഐഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് തുടക്കം മുതല്‍ താല്‍പ്പര്യം. കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് സിപിഎം വഴങ്ങിയത്.
ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേസമയം അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാകുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തിലെ കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐയും രംഗത്തുവന്നിരുന്നു.