കോട്ടയം: ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ പരിഹാസത്തിനു മറുപടിയുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും കോട്ടയത്തെ എൻഡിഎ സ്ഥാനാർഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി.
താൻ വെറുമൊരു സ്മോള്‍ ബോയ് ആണെന്നും വിട്ടുകള എന്നുവെന്നുമായിരുന്നു തുഷാറിന്റെ മറുപടി.
നേരത്തെ, എൻഡിഎ സ്ഥാനാർഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തി പ്രകടിപ്പിച്ച പി.സി. ജോർജ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്മോള്‍ ബോയ് എന്ന് വിശേഷിപ്പിച്ചിരുന്നു. അതേസമയം, ജോർജുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും പിണക്കമില്ലെന്നും അദ്ദേഹത്തെ പ്രചാരണത്തിന് ഇറക്കണോ എന്നു തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും തുഷാര്‍ പറഞ്ഞു.
കോട്ടയത്ത് ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിച്ചത്.
കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ അഡ്വ. സംഗീത വിശ്വനാഥുമാണ് സ്ഥാനാർഥികള്‍. ഇതോടെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്ഥിക പട്ടിക പൂര്‍ത്തിയായി.