കോട്ടയം: മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിന് മുമ്പില്‍ യുവതി കൈക്കുഞ്ഞുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ സാമുവല്‍ എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാറമട കാരണം ജീവിക്കാനാകുന്നില്ലന്ന് പറഞ്ഞാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ബോധരഹിതയായ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ കൂടിയാണ് രക്ഷിച്ചത്. കുട്ടി സുരക്ഷിതമായിരിക്കുന്നു. ബോധക്ഷയം ഉണ്ടായ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പാറമടക്കെതിരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. കൊടുങ്ങയിലുള്ള ഒരു പാറമടക്ക് സമീപമാണ് ഇവരുടെ വീട്. പാറമട കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, ക്വാറിയോട് ചേര്‍ന്ന സ്ഥലമായതിനാല്‍ തന്നെ മറ്റാരും ഇത് വാങ്ങാനും തയ്യാറാകുന്നില്ല.
അതിനാല്‍ ഈ സ്ഥലവും വീടും വിറ്റുതരണമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഇവര്‍ പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയിന്മോല് നടപടിയെടുക്കാമെന്ന് പഞ്ചായത്ത് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ അവിടെ താമസിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് പറഞ്ഞ് വാര്‍ഡ് മെമ്പറെ വന്ന് കാണുകയും പിന്നീട് പഞ്ചായത്തിന് മുന്നില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവസമയത്ത് ഒരു കൈക്കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ കുട്ടിക്കും പ്രശ്നങ്ങളൊന്നുമില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.